വിജയാഹ്ളാദ പ്രകടനങ്ങള്‍ക്കു വിലക്ക് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം:
ന്യൂഡല്‍ഹി: കോവിഡ്-19 രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ വോട്ടെണ്ണല്‍ സമയത്തും തുടര്‍ന്നുമുള്ള വിജയാഹ്ളാദ പ്രകടനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചു. കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിന് കമ്മിഷനെ മദ്രാസ് ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണു കമ്മിഷന്റെ തീരുമാനം.
കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, പശ്ചിമബംഗാള്‍, അസം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് രണ്ടിനാണു നടക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നതില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികളെ തടയാതിരുന്നതിനായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശം. ”ഇന്നത്തെ അവസ്ഥയ്ക്ക് നിങ്ങള്‍ക്ക് മാത്രമാണ് ഉത്തരവാദിത്തം,” എന്നായിരുന്നു കമ്മിഷനെ ലക്ഷ്യമിട്ട് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജിയുടെയും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടെയും ബെഞ്ച് പറഞ്ഞത്. കമ്മിഷനെതിരെ കൊലപാതകക്കുറ്റം ചുമത്താമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
‘നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അധികാരം പ്രയോഗിക്കുന്നതിനുള്ള പരിമിതികളില്ല. കോവിഡ് പ്രോട്ടോക്കോള്‍ സംരക്ഷിക്കണമെന്ന കോടതി ആവര്‍ത്തിച്ചുള്ള ഉത്തരവുണ്ടായിട്ടും ‘രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് തടയാന്‍ നിങ്ങള്‍ ഒരു നടപടിയും സ്വീകരിച്ചില്ല,” ഹൈക്കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറ്റൊരു ഗ്രഹത്തിലായിരുന്നോ” എന്നും കോടതി ആരാഞ്ഞു.