ലോക്ക്ഡൗണിന് സാധ്യത; ടിപിആർ 15 ശതമാനത്തിന് മുകളിലുള്ള ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രം
April 28, 2021
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യം പരിഗണിച്ച് പുതിയ തീരുമാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്രം. ജില്ലകള്‍ പൂര്‍ണമായും അടച്ചിടണമെന്നാണ് നിര്‍ദേശം. 150 ജില്ലകളിലാണ് ഇത്തരത്തില്‍ രോഗ പടര്‍ച്ച രൂക്ഷമായുള്ളത്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ആരോഗ്യമന്ത്രാലയം തീരുമാനത്തിലെത്തിയത്. പിന്നീട് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. കേന്ദ്ര അഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളുമായി ആലോചിച്ചാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുക. ലോക്ക്ഡൗണിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ആദ്യമായി ഇന്നലെ 30,000 കടന്നു പ്രതിദിന രോഗികളുടെ എണ്ണം. സംസ്ഥാനത്തിന്റെ ആകെ ടിപിആര്‍ 23 ശതമാനമാണ് നിലവില്‍. ഇത്തരം നടപടികളിലേക്ക് കടന്നാല്‍ ഭൂരിഭാഗം ജില്ലകളും അടച്ചിടേണ്ടി വരും.